ഇത് എഡിറ്റോറിയലല്ല, സംഘപരിവാറിന്റെ പ്രചാരണ വാറോല!

മറുനാടൻ മലയാളിയുടെ ന്യൂസ് ഡസ്കിലെ കർസേവയെ കുറിച്ച്

Sebin A Jacob
5 min readJul 5, 2018
എഡിറ്റോറിയലിനു കടകവിരുദ്ധമായി മെയിൻ സ്റ്റോറി!

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി നേതാവായ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി 2018 ജൂൺ 5ന് എഡിറ്റോറിയൽ എന്ന പേരിലെഴുതിയ ലേഖനം വാട്സ് ആപ് ഫോർവേഡായി പറന്നുനടക്കുകയാണ്. ഭയം, അനിശ്ചിതത്വം, സംശയം (fear, uncertainity and doubt) എന്നിവ പടർത്തുകയാണ്, ആ ലേഖനം ലക്ഷ്യമിടുന്നത്. അതിലെ ഒരു വാചകത്തിൽ കോർത്തുപറയുന്ന പേരുകൾ ശ്രദ്ധിക്കു: ‘ചിന്താജെറോമും ദീപാനിശാന്തും തൊട്ട് സാക്ഷാൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ളവരുടെ നാണംകെട്ട പ്രതികരണം …’ എത്ര ലാഘവത്തോടെയാണ്, ഈ സമീകരണം? ആരാണ് ഇവരിൽ ഓരോരുത്തരും?

ചിന്ത ജെറോം മുൻ എസ്എഫ്ഐ നേതാവാണ്. ഇപ്പോൾ യുവജനകമ്മിഷൻ ചെയർമാൻ. യുവജനകമ്മിഷനെന്നാൽ എന്തു രാഷ്ട്രീയവും തട്ടിമൂളിക്കാവുന്ന ഒരു പദവിയല്ല. അത് ക്വാസി ജുഡീഷ്യൽ പോസ്റ്റ് ആണ്. അവിടെയിരുന്ന് പ്രസ്താവനകൾ പുറപ്പെടുവിക്കുമ്പോൾ ഗ്യാലറിക്കുവേണ്ടി കളിക്കാനാവില്ല. അതായത്, അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ ഒരു ജൂഡീഷ്യൽ അധികാരി പുലർത്തുന്ന സംയമനം പാലിച്ചുമാത്രമേ അവർ സംസാരിക്കാൻ പാടുള്ളൂ. മഹാരാജാസിലെ കൊലപാതകത്തെ അപലപിച്ചപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ പേരുപറഞ്ഞില്ല എന്ന നിലയിൽ അവർക്കെതിരെ നടന്ന വിച്ച് ഹണ്ടിനു കാരണം വേറെയാണ്. ശ്രദ്ധിച്ചാലറിയാം, ആ പ്രചാരണത്തിനും കണ്ണും കാതും കൊടുത്തവരിൽ ഒരു വലിയ ഭാഗം സംഘപരിവാർ അനുകൂലികളാണ്. അവരുടെ ആ പ്രചാരണത്തിൽ വീണുപോയ സഖാക്കളും ഉണ്ടെന്നു മാത്രം.

ചിന്ത ഒറ്റപ്പെട്ട സംഭവം എന്നു വിശേഷിപ്പിച്ചത്, കലാലയ പരിസരത്ത് ജീവരക്തം വീഴുന്ന വേദനാജനകമായ അവസ്ഥയേയാണ്. പിഎഫ്ഐ അമ്പതോളം കൊലപാതകം ചെയ്തിട്ടുണ്ട് എന്നതുകൊണ്ടുമാത്രം ക്യാമ്പസിൽ നടന്ന കൊല, കേരളത്തിലെ ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഒറ്റപ്പെട്ട സംഭവം അല്ലാതാകുന്നില്ല.

മൂന്നാമതു പറയുന്ന പേര് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ, ഇന്നുഭരണത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യഘടകകക്ഷിയായ, സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടേതാണ്. അദ്ദേഹം ചെയ്തതായി പറയുന്ന തെറ്റെന്താണ്? ആർഎസ്എസ് പോലെ ഒരു വർഗീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്നു പറഞ്ഞത്രേ! ആർഎസ്എസ് ഹിന്ദുസമുദായത്തോടു ചെയ്യുന്നതു തന്നെയാണ് പോപ്പുലർ ഫ്രണ്ട് മുസ്ലീം സമുദായത്തോടു ചെയ്യുന്നത്. അത് അങ്ങനെ തന്നെ മനസ്സിലാകുന്ന തരത്തിൽ പറഞ്ഞത് മുസ്ലീം പ്രീണനമാണു പോലും. ആർഎസ്എസിനെ പറയുമ്പോൾ മറുനാടൻ മലയാളിക്കു പൊള്ളുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്, ഈ രണ്ടുസംഘടനകളും. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ ഇരുസംഘടനകളുടെയും അക്രമത്തെ നേരിട്ടും പ്രതിരോധിച്ചും ജീവൻ ബലികൊടുത്തുമാണ്, ഓരോ വത്സരങ്ങളും കടന്നുപോകുന്നത്. രണ്ടും ഒരേപോലെ ഭീകരസംഘങ്ങളാണെന്നു പറയുന്നതിനെ ആർക്കാണു പേടി?

കോടിയേരിയും സ്വരാജും ഒക്കെ ഇതുപറയുന്നതിലൂടെ ‘ബാലൻസ് കെ നായർ’ കളിക്കുകയാണെന്നാണ് മറുനാടന്റെ ആരോപണം. ലോജിക്കൽ ഫാലസിയാണിതെന്നും പറയുന്നു. എന്തു ലോജിക്കൽ ഫാലസി എന്നു വിശദീകരിക്കാനുള്ള ബാധ്യത ഇതെഴുതിയ എഡിറ്റർക്കുണ്ടെന്നു വ്യക്തമാക്കട്ടെ. റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും ഒക്കെ കൊന്നവർക്കു ഭീകരതയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎമ്മുകാർ സർട്ടിഫിക്കേറ്റ് കൊടുക്കുന്ന കിനാശ്ശേരിയാവും മറുനാടൻ മലയാളിയുടെ എഡിറ്റോറിയൽ ഡസ്കിലെ കർസേവകർ കിനാവു കാണുന്നത്!

ഈ രണ്ടുപേരുകൾക്കുമിടയിൽ വിദഗ്ദ്ധമായി തിരുകിയിരിക്കുകയാണ്, ദീപാ നിശാന്ത് എന്ന പേര്. അവർക്കെന്താണ് മറ്റു രണ്ടുപേർക്കുമിടയിൽ കാര്യം? അവർ എന്നെങ്കിലും എസ്എഫ്ഐയേയോ സിപിഐഎമ്മിനേയോ പ്രതിനിധീകരിച്ചിട്ടുണ്ടോ? ഏതെങ്കിലും വിധത്തിൽ സിപിഐഎമ്മിന്റെ ഔദ്യോഗിക ലൈനിനൊപ്പമാണു താൻ എന്ന് ഒരു പരസ്യ നിലപാടെങ്കിലും സ്വീകരിച്ചിട്ടുണ്ടോ? ഫാഷനബിളായ ലിബറൽ പുരോഗമന പ്രസ്താവനകൾ ഇറക്കുന്ന ഒരു കോളേജ് അദ്ധ്യാപിക എന്നതിൽക്കവിഞ്ഞ്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി ചിത്രീകരിക്കപ്പെടാൻ മാത്രം അവർ എന്താണു ചെയ്തിട്ടുള്ളത്? അവർ എടുക്കുന്ന നിലപാടുകൾ ഏതുവിധേനയാണ്, ഇടതുപക്ഷത്തിന്റെ നുകത്തിൽ വച്ചുകെട്ടുന്നത്? പലപ്പോഴും എടുത്തുചാട്ടമെന്നു പോലും വിശേഷിപ്പിക്കാവുന്ന അവരുടെ നിലപാടുകൾ അനാവശ്യ ഛിദ്രങ്ങളുണ്ടാക്കാനായി വർക്കിങ് ലെഫ്റ്റിന്റെ മേലെ വച്ചുകെട്ടുകയാണ്, മറുനാടൻ മലയാളി ചെയ്യുന്നത്.

ആ ആരോപണങ്ങൾക്കു ശേഷമുള്ള ഖണ്ഡികയിലെ ആദ്യവരി നോക്കുക. ‘മതതീവ്രവാദത്തെ തൂക്കിനോക്കുമ്പോൾ നിങ്ങൾക്കു കൈവിറയ്ക്കുകയാണെങ്കിൽ…’ : അതൊരു കണ്ടീഷണൽ സ്റ്റേറ്റ്മെന്റാണ്. നിങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, വർക്കിങ് ലെഫ്റ്റിനെ തന്നെ. അവർക്കു കൈവിറയ്ക്കുന്നു എന്നു നേരിട്ടു പറയാതെ, ‘ആണെങ്കിൽ’ എന്ന വ്യവസ്ഥാപ്രയോഗത്തിലൂടെ വായനക്കാരനിൽ ആ തോന്നൽ ഉത്പാദിപ്പിക്കുന്ന രചനാകൗശലമാണു സ്വീകരിച്ചിരിക്കുന്നത്. മതേതരകേരളം നേരിടുന്ന വിപത്താണതെന്നു പക്ഷെ വിധി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്, അതേ വാചകത്തിൽ. അവർക്കു തന്നെ തീർപ്പില്ലാത്ത ഒരു കാര്യത്തിന്റെ പുറത്താണ്, ആ വിധിപ്രസ്താവം. എന്നിട്ട് അതും സിപിഐമ്മിന്റെ പിടരിക്കു കെട്ടിവയ്ക്കുകയാണ്. ആ പ്രയോഗം നോക്കു: സിപിഎം പോലുള്ള മതേതര പാർട്ടികളുടെ അപചയത്തിന്റെ മറിയാനാട്രഞ്ച്! ഇയാൾ വല്ല ഷാജി കൈലാസ് സിനിമയ്ക്കും തിരക്കഥയെഴുതാൻ പോകേണ്ടിയിരുന്നതാണ്. വഴിതെറ്റി മറുനാടനിൽ എത്തിപ്പെട്ടുവെന്നു മാത്രം.

അടുത്ത വരി ഇനിയും കേമമാണ്. “സംഘപരിവാർ ഭീകരതയെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്ന സിപിഎമ്മിന്, സ്വന്തം പാർട്ടിയിലെ ഒരു കുട്ടിയെ ഒറ്റക്കുത്തിന് ചങ്ക് പിളർത്തി കൊന്നിട്ടും നിങ്ങൾ പ്രതികരിക്കാൻ പേടിയാണെങ്കിൽ, നിങ്ങളെയൊക്കെ ഓർത്ത് നാണിക്കാനേ കേരളീയ സമൂഹത്തിന് കഴിയൂ” എന്നതാണ് അത്യാവശ്യം ഘടനാപ്പിശകുള്ള ആ വാചകം. ഒന്നാമതേ അഭിമന്യുവിനെ കുറിച്ചു പറയുമ്പോഴുള്ള ഈ ‘കുട്ടി’പ്രയോഗത്തിലെ രക്ഷാകർതൃഭാവം തന്നെ പരിശോധിക്കുക. എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ നേതാവാണ് അഭിമന്യു. അല്ലാതെ കേവലം ഒരു കുട്ടിയല്ല. അവനെ കുട്ടിയാക്കി പാമ്പർ ചെയ്യേണ്ട ആവശ്യം നിങ്ങളുടേതാണ്. എന്നാലേ അതിനെ ചുറ്റിപ്പറ്റി മെലോഡ്രാമ എഴുതാൻ കഴിയൂ. രണ്ടാമത്, അതു വീണ്ടും കണ്ടീഷണൽ സ്റ്റേറ്റ്മെന്റ് ആണെന്നതാണ്. അതായത്, ഈ ലേഖനം ഉടനീളം ഇത്തരം കണ്ടീഷനുകളാലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പേടിയാണെങ്കിൽ എന്നല്ലേ ഞങ്ങൾ പറഞ്ഞുള്ളൂ എന്നുപറഞ്ഞൊഴിയാം. പ്രതികരിക്കാൻ ആർക്കാണു പേടി എന്നു തിരിച്ചുചോദിച്ചാൽ ഇവർക്ക് ഉത്തരമില്ല എന്നതു നൂനം. പൊതുവേ ഹാർഡ് പൊളിറ്റിക്സ് പറയാത്ത സൗമ്യനായ കേരളത്തിന്റെ ധനകാര്യമന്ത്രി സഖാവ് തോമസ് ഐസക് പോലും എത്ര രൂക്ഷമായാണ് ഈ വിഷയത്തിൽ പിഎഫ്ഐക്കെതിരെ പ്രതികരിച്ചത് എന്നു നോക്കുക. അദ്ദേഹം തന്റെ എഫ്ബി പോസ്റ്റ് പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെയായിരുന്നു:

//കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. കാമ്പസിൽ നിന്ന് കാമ്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കുക തന്നെ വേണം.//

ഐസൿ തുടർന്നെഴുതിയതുകൂടി വായിക്കേണ്ടതുണ്ട്. മറുനാടൻ വായനക്കാരുടെ സൗകര്യത്തെ പ്രതി അതും ഇവിടെ നൽകുന്നു.

തൊട്ടുപിന്നാലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തെ വച്ചാണ് മുനയുള്ള വർത്തമാനം. പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി എന്താണ് നടപടിയെടുക്കാത്തത് എന്നൊക്കെയാണു ചോദ്യം. അവരെ കൃത്യമായി ഭീകരസംഘടന എന്നടയാളപ്പെടുത്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പോലും അതുണ്ട്. അതിൽ പറയുന്നതിങ്ങനെ:

//കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണം.//

ജോസഫ് മാഷിന്റെ കൈവെട്ടുകേസിൽ ഇടതുപക്ഷ നേതൃത്വവും കേരളീയ സമൂഹവും ശക്തമായി ഇടപെട്ടിരുന്നെങ്കിൽ അഭിമന്യുവിന്റെ കൊല ഉണ്ടാകുമായിരുന്നോ എന്ന നിഷ്കളങ്ക ചോദ്യവും ഉന്നയിക്കുന്നുണ്ട്, എഡിറ്റോറിയൽ. എടോ നിഷ്പക്ഷനല്ലാത്ത ലീഡ് എഴുത്തുകാരാ, കേരളത്തിൽ ഒരു പക്ഷെ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട സംഭവമാണ് അത്. അതിൽ പങ്കാളികളായ എല്ലാവരെയും കോടതി ശിക്ഷിച്ചു. അവർ ശിക്ഷ പൂർത്തിയാക്കി ഇറങ്ങുകയും ചെയ്തു. ശക്തമായ ഇടപെടൽ എന്നതിലൂടെ നിങ്ങൾ അർത്ഥമാക്കുന്നത്, സിപിഐഎംകാർ, ജോസഫ് മാഷിന്റെ കൈവെട്ടിയവരെ വട്ടംപിടിച്ച് അതേ നാണയത്തിൽ തിരിച്ചടിയ്ക്കണമെന്നാണോ? അതാണോ നിയമവാഴ്ചയെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം? മോബ് ലിഞ്ചിങ് നടത്തുന്ന ജനക്കൂട്ടത്തെക്കാൾ ഒട്ടും മെച്ചപ്പെട്ടതല്ല, നിങ്ങളുടെയും കളക്റ്റീവ് കോൺഷ്യസ് എന്നല്ലേ, അതർത്ഥമാക്കുന്നത്?

അതിനുശേഷം കടക്കുന്നത് സദ്ദാം ഹുസൈന്റെ പേരിലെ ഹർത്താലിലേക്കും സുധാകരന്റെ കവിതയിലേക്കുമാണ്. ഇല്ലാത്ത നശീകരണായുധങ്ങൾ ഉണ്ടെന്ന പേരിൽ ഒരു രാജ്യത്തിന്റെ പരമാധികാരം തകർത്ത് അതിന്റെ ഭരണാധികാരിയെ എലിയെ വേട്ടയാടുംപോലെ വേട്ടയാടി മാളത്തിനകത്തുനിന്നു പിടിച്ചുകെട്ടി തൂക്കിക്കൊന്ന സാമ്രാജ്യത്വ നടപടിക്കെതിരെ സാർവ്വദേശീയത ഉയർത്തിപ്പിടിച്ചു കേരളം പ്രതികരിച്ചതിന്റെ ചൊരുക്ക് ന്യൂസ് റൂമിലെ കർസേവകർക്ക് കാലമിത്രയായിട്ടും തീർന്നിട്ടില്ല. സദ്ദാം കമ്മ്യൂണിസ്റ്റുകാരെ കൊന്നവനാണ് എന്ന അറിവില്ലാത്തവരായിരുന്നില്ല, കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. വിമോചനസമരത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പടനയിച്ച വടക്കനച്ചനൊപ്പംചേർന്നു പിന്നീട് അമരാവതിയിൽ പട്ടിണി സമരം നടത്തിയ സഖാവ് എ കെ ഗോപാലന്റെ പാരമ്പര്യമാണു സിപിഐഎമ്മിന്റേത്. മൂർത്തമായ സാഹചര്യങ്ങളാണ് മൂർത്തമായ തീരുമാനങ്ങളെടുക്കുന്നതിലേക്കു നയിക്കുന്നത്. ഒരുകാലത്തു ശത്രുവായിരുന്നു എന്നതുകൊണ്ട് ഒരു രാഷ്ട്രത്തിനെതിരെ അനീതി നടക്കുമ്പോൾ കണ്ടില്ലെന്നു വയ്ക്കുന്നത് മനുഷ്യനന്മയിലും സാർവ്വത്രികനീതിയിലും വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിനു ചേർന്നതല്ല.

അതിനോടു ചേർത്തുവയ്ക്കുന്നത് ജി സുധാകരന്റെ കവിതയാണ്. അത് ഒരാളുടെ വ്യക്തിപരമായ സപര്യയാണെന്നും അല്ലാതെ സിപിഐഎമ്മിന്റെ നിലപാടല്ലെന്നും അറിയാത്തവരല്ല, മറുനാടനിൽ ഡസ്ക് നിയന്ത്രിക്കുന്നത്. പൂച്ചയെ കുറിച്ചു വരെ കവിത എഴുതിക്കളഞ്ഞ സുധാകരന്റെ വ്യക്തിപരമായ വട്ടുകൾ കാട്ടി സിപിഐഎം ബിൻലാദനോടു മമതകാട്ടുന്നു എന്നു പറയാൻ ചെറിയ ലാഘവം ഒന്നും പോര. അഫ്ഗാനിസ്ഥാനിൽ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാൻ അമേരിക്ക അടവച്ചുവിരിയിച്ച മിലിറ്റന്റ് നേതാവായിരുന്നു അയാളെന്ന് മുക്കിലുംമൂലയിലും പോലും പ്രസംഗിച്ചവരാണു കമ്മ്യൂണിസ്റ്റുകാർ. ഇതു പറഞ്ഞിട്ട് അതേ ഖണ്ഡികയിൽ ചേർത്തുവയ്ക്കുന്ന വാചകത്തിൽ മറുനാടൻ എഡിറ്റോറിയലുകാരന്റെ യഥാർത്ഥ പ്രശ്നം വെളിവാകുന്നുണ്ട്. “അതേ സമയം സംഘപരിവാർ ഭീകരതയ്ക്കെതിരെ ഇവർക്കാർക്കും വിട്ടുവീഴ്ചയില്ല” പോലും. അതായത്, നിങ്ങളെന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ, പക്ഷെ ആർഎസ്എസിനെതിരെ ഒന്നും പറയരുത് എന്ന താത്പര്യമേ ലീഡ് റൈറ്റർക്കുള്ളൂ.

കെഇഎൻ, പികെ പോക്കർ, ഗുലാബ്ജാൻ എന്നിവരുടെ നിലപാടുകളെ മുൻനിറുത്തി സിപിഐഎമ്മിനെ ഇകഴ്ത്താനുള്ള ശ്രമമാണു തുടർന്നു നടക്കുന്നത്. ഗുജറാത്ത് കലാപാനന്തരം ഗാന്ധിനഗർ സന്ദർശിച്ചു മടങ്ങിയ പുരോഗമന കലാസാഹിത്യ സംഘത്തിലെ സംഘാംഗങ്ങൾക്കിടയിൽ തുടർന്നങ്ങോട്ട് ഇന്ത്യയിൽ ഭീകരരൂപം പ്രാപിച്ച ഭൂരിപക്ഷ സവർണ വർഗീയതയെ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി എന്നതു നേരാണ്. ഈ അഭിപ്രായ ഭിന്നതയും അതിന്റെ പേരിലുള്ള സൈദ്ധാന്തിക തർക്കങ്ങളും കാലങ്ങളായി കേരളത്തിലെ സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലൂടെ തുടർന്നുപോരുന്നുണ്ട്. ഇവിടെ രണ്ടുവശത്തും ഇടതുപക്ഷ സഹയാത്രികരായ ആളുകളാണുള്ളത്. അവരാരും ആർഎസ്എസിനെ എതിർക്കേണ്ടതില്ല എന്ന അഭിപ്രായമുള്ളവരല്ല. പകരം എടുക്കേണ്ട സമീപനത്തിലെ വ്യത്യാസത്തിലൂന്നിയാണു ചർച്ച. അതിന്റെ ഭാഗമായി കെഇഎൻ സ്വീകരിച്ച ചില നിലപാടുകൾ സിപിഐഎമ്മിന്റെ പൊതുനിലപാടല്ല. എന്നാൽ അതിനെ പാർട്ടി തള്ളിപ്പറയുന്നുമില്ല. ഒരാൾ സലാം പറയുമ്പോൾ അതു മടക്കിക്കൊടുക്കുക എന്ന ജനാധിപത്യ മര്യാദയിലേക്കു കെഇഎൻ വന്നിട്ടുണ്ടെങ്കിൽ അതിൽ പോലും കുറ്റം കാണുന്നത് കടുത്ത ആർഎസ്എസ് പക്ഷപാദം ബാധിച്ചതുകൊണ്ടാണ്.

ഇവരുടെ നിലപാടിനെ തള്ളാൻ കൂട്ടുപിടിക്കുന്നതാകട്ടെ, മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിയേയാണ്. അതിന്റെ പരിഹാസ്യതയെ കുറിച്ച് കാതങ്ങളോളം നടന്നാലും പറഞ്ഞുതീരില്ല. അയാളെ വിചാരണ ചെയ്യാനുള്ള ക്ഷമയില്ല എന്നതുകൊണ്ടു മാത്രം വിട്ടുകളയുകയാണ്.

തുടർന്നു മനുഷ്യാവകാശ പ്രവർത്തകർ, ദളിത് ആക്റ്റിവിസ്റ്റുകൾ തുടങ്ങിയവർ പോപ്പുലർ ഫ്രണ്ടിനും ജമാഅത്തെ ഇസ്ലാമിക്കും നൽകുന്ന പിന്തുണയെ കുറിച്ചാണ് എഡിറ്റോറിയൽ വാചാലമാകുന്നത്. ഇത് ഇടതുപക്ഷമുന്നയിക്കുന്ന വിമർശനമാണ്. എന്നാൽ ഇടതുപക്ഷത്തോടുകൂട്ടിച്ചേർത്ത് അവരെ വിമർശിക്കുകവഴി ഇവരും കേരളത്തിലെ വർക്കിങ് ലെഫ്റ്റിന്റെ ഒരു കൈവഴിയാണെന്ന വ്യാജപ്രതിച്ഛായ സൃഷ്ടിക്കാനാണ് എഡിറ്റോറിയൽ വൃഥാ ശ്രമിക്കുന്നത്. രാഷ്ട്രീയമറിയാത്തവരോ അതിൽ ശ്രദ്ധ ചെലുത്താത്തവരോ ആയവർക്കിടയിൽ എളുപ്പത്തിൽ ചെലവാകുന്ന ചരക്കാണിതെന്ന് അവർക്കറിയാം.

എത്രയോ വർഷമായി സിപിഐഎം വിമർശനം മാത്രം തൊഴിലാക്കിയ പത്രപ്രവർത്തകൻ എൻ പി ചേക്കുട്ടിയേയും എസ്എഫ്ഐയുടെയും സിപിഐഎമ്മിന്റെയും നുകത്തിൽ കെട്ടാനാണ് തുടർന്നങ്ങോട്ടു ശ്രമം. ഈ നിലയ്ക്ക് അബ്ദുള്ളക്കുട്ടിയും സിന്ധു ജോയിയും ഒക്കെ നിങ്ങൾക്ക് ഇപ്പോഴും സിപിഐഎം ആവും. അത്രയ്ക്കുണ്ട് നിങ്ങളുടെയൊക്കെ രാഷ്ട്രീയ പാപ്പരത്തം.

ചേക്കുട്ടിയെ കുറിച്ചു പറയാനുള്ളത് സിപിഐഎം നേതാവ് എ എ റഹീം നല്ല വൃത്തിക്ക് മാതൃഭൂമിയിൽ പറയുന്നുണ്ട്. മറുനാടൻ മലയാളി എഡിറ്റോറിയൽ എഴുത്തുകാരനു കേൾക്കാൻ താത്പര്യമില്ലാത്ത ആ വാക്കുകൾ ഈ വിഡിയോയിൽ കേൾക്കാം:

തീരുന്നില്ല, പേരുകൾ. കടുത്ത സിപിഐഎം വിമർശകരായ കെ വേണു, കെ കെ കൊച്ച്, കെ കെ ബാബുരാജ് തുടങ്ങിയവരുടെ പേരുകളും ഇതോടൊപ്പം ചേർത്തുപറയുകയാണ്. ഇവരാരും ഒരുകാലത്തും സിപിഐഎമ്മിനെ പിന്തുണച്ചിട്ടുള്ളവരല്ല. അവരെടുക്കുന്ന നിലപാടിനും സിപിഐഎം ഉത്തരവാദിത്തം വഹിക്കണം എന്നു പറയുന്നതിന്റെ യുക്തി പോസ്റ്റ് ട്രൂത്തിന്റേതാണ്.

ജമാഅത്തെ ഇസ്ലാമിയെ വിചാരണ ചെയ്യുന്നതിലേക്കു നീങ്ങുന്ന തുടർന്നുള്ള ഭാഗം പൊതുവേ ഇസ്ലാമിനെ ഭീകരവത്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനൊപ്പം സിപിഐഎം അവരുമായി സഖ്യത്തിലാണെന്ന നുണ യാതൊരു ഉളുപ്പുമില്ലാതെ അടിച്ചുവിടുകയും ചെയ്യുന്നു. അവിടെ നിന്ന് ലേഖനം പുരോഗമിക്കുന്നത് വെമ്പായം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കാണ്. എട്ടിനെതിരെ പതിനൊന്നു വോട്ടുകൾക്കാണ് അവിടെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. എസ്ഡിപിഐക്കാരനായ ഒരാളുടേതാണ്, പതിനൊന്നാമത്തെ വോട്ട്. ബിജെപിക്കാരായ രണ്ടു മെമ്പർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന ആ തെരഞ്ഞെടുപ്പിൽ അധികമായി എൽഡിഎഫ് പെട്ടിയിൽ വീണ ആ ഒരു വോട്ട് യുഡിഎഫിനു പോയാൽ പോലും അവിടെ ഒൻപതിനെതിരെ പത്തുവോട്ടുകൾ നേടി എൽഡിഎഫ് വിജയിക്കുമായിരുന്നു. എന്നിട്ടും എൽഡിഎഫ് — എസ്ഡിപിഐ സഖ്യം എന്ന നുണത്താമര വിരിയിക്കാനാണ് പത്രമോഫീസിലെ കുറുവടിപ്പടയുടെ ശ്രമം. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയേണ്ടൂ…

ധീരരക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ വിലാപയാത്രയിൽ അണിനിരന്ന പതിനായിരങ്ങൾക്കു മേലെയാണു നിങ്ങളീ ചെളിക്കുണ്ടു തീർക്കാൻ നോക്കുന്നത്. അതു മറക്കേണ്ട.

--

--

Sebin A Jacob

President of Swathanthra Malayalam Computing. Libre. Left. Journalist. FLOSS enthusiast