തൊഴിലാളി സംഘടനകളെ പിളർത്താമോ?

നഴ്സിങ് സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിചിന്തനം

Sebin A Jacob
3 min readMay 7, 2018
യുഎൻഎയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് (ചിത്രം: പിടിഐ)

ഒരു തൊഴിൽ മേഖലയിൽ ഒരു തൊഴിലാളി സംഘടന മാത്രമാകുന്നതാണ്, ആ മേഖലയിലെ തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശക്തിക്കു സഹായകം. തൊഴിലാളികൾ പല കൊടിക്കു കീഴിൽ പലതായി ചിതറുന്നതോടെ, അവരുടെ സംഘശക്തി ക്ഷയിക്കയും സമരവീര്യം കുറയുകയും ചെയ്യും. ന്യായമായ ആവശ്യങ്ങളുയർത്തി സമരപാതയിലെത്തുന്ന തൊഴിലാളികളെ എതിർക്കാൻ മറുചേരിയിലുള്ള ഒരു തൊഴിലാളിസംഘടന തന്നെ തയ്യാറായീന്നും വരാം.

ഈ അപകടം ഒഴിവാക്കാൻ നിലവിൽ തൊഴിൽ പ്രശ്നങ്ങളിൽ തൊഴിലാളിപക്ഷത്തുനിന്നു ശക്തമായി ഇടപെടുകയും തൊഴിൽ സംരക്ഷിച്ചുകൊണ്ടു പോരാടാനുള്ള ഉത്തരവാദിത്തം കാട്ടുകയും ചെയ്യുന്ന തൊഴിലാളി സംഘടനകളുള്ളയിടങ്ങളിൽ അവയെ പിളർത്താതെ അതിനുള്ളിൽ നിന്നു പ്രവർത്തിക്കുകയും അതിൽ നിന്നു പരമാവധി പേരെ പാർടിയിലേക്കെത്തിക്കാൻ ശ്രമിക്കുകയും അങ്ങനെ പാർടിയിലേക്കു വരാൻ തയ്യാറാവുന്നവർക്കു പ്രവർത്തിക്കാനായി തൊഴിലാളി സംഘടനകൾക്കുള്ളിൽ തന്നെ പാർടി ഫ്രാക്ഷൻ രൂപീകരിക്കുകയും തൊഴിൽ പ്രശ്നങ്ങളിൽ നേതൃത്വം നൽകാൻ അവരെ പ്രാപ്തരാക്കുകയും അങ്ങനെ സംഘടനയുടെ നേതൃത്വവും ഒടുവിൽ സംഘടന തന്നെയും പൂർണമായും ഇടതുപക്ഷ ട്രേഡ് യൂണിയൻ ആക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൊതുവിൽ ഒരു കമ്യൂണിസ്റ്റ് പാർടി സ്വീകരിക്കേണ്ടതായ വഴി.

എന്നാൽ എല്ലായ്പ്പോഴും ഇങ്ങനെയല്ല, സംഭവിച്ചിട്ടുള്ളത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിനെ തുടർന്ന് തൊഴിലാളി സംഘടനയായ എഐടിയുസിയും നെടുകെ പിളർന്നിരുന്നു. പുതുതായി രൂപീകൃതമായ സിഐടിയുവിനു സംഘടനാസ്വാധീനമില്ലാത്ത തൊഴിൽമേഖലകൾ പലതുണ്ടായിരുന്നു. ബാങ്കിങ് മേഖലയിൽ വളരെ ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തനമാണ് ഉണ്ടായിരുന്നത്. അതിനകത്ത് പിന്നെയും ഒരിടതുപക്ഷ സംഘടന രൂപീകരിക്കേണ്ടതായ അടിയന്തിരാവശ്യം നിലവിലില്ലായിരുന്നിട്ടുകൂടി, ഇ ബാലാനന്ദന്റെ നേതൃത്വത്തിൽ പിൽക്കാലത്ത് ബെഫി രൂപീകരിക്കുന്നത് നമുക്കു ചരിത്രത്തിൽ കാണാം. ഇത് വലിയ അളവിൽ സിഐടിയുവിനകത്തു തന്നെ തർക്കങ്ങൾക്കു വഴിവച്ചിരുന്നു. എം എം ലോറൻസിനെയും വി ബി ചെറിയാനെയും പോലെയുള്ള ട്രേഡ് യൂണിയൻ നേതാക്കൾ, എന്റെ അറിവിൽ പെട്ടിടത്തോളം, ഇങ്ങനെ ട്രേഡ് യൂണിയനെ പിളർത്തുന്നതിനോടു ശക്തമായി വിയോജിച്ചവരാണ്. എങ്കിലും ബാലാനന്ദന്റെ പക്ഷപാതപരമായ നിലപാടാണ്, ഒടുവിൽ വിജയംകണ്ടത്.

ഏറെക്കുറെ ഇതിന്റെ തുടർച്ചയാണ്, ഇന്നു നഴ്സിങ് മേഖലയിലും കാണാവുന്നതും. നഴ്സിങ് ഒരു പുതുതലമുറ ജോലിയല്ല എന്നതു വസ്തുതയാണ്. നഴ്സിങ് രംഗത്ത് നേരത്തെ തന്നെ സിഐടിയുവിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്ന സർവീസ് സംഘടനയും ഉണ്ടായിരുന്നു എന്നാണു മനസ്സിലാക്കുന്നത്. എന്നാൽ സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ ഇടയിൽ മാത്രമാണ്, ഇവർ പ്രവർത്തിച്ചിരുന്നത്. സ്വകാര്യമേഖലയിലെ നഴ്സുമാരെ സംഘടിപ്പിക്കാനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്വകാര്യമേഖലയിലെ തൊഴിലവസ്ഥയും തൊഴിലാളികളും അവരുടെ അജണ്ടയ്ക്കു പുറത്തായിരുന്നു എന്നുവേണം കരുതാൻ. ഈ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന ഉയർന്നുവരുന്നതും അവർ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ തുച്ഛമായ തുകയ്ക്കു തൊഴിലെടുക്കുന്ന നഴ്സുമാരെ സംഘടിപ്പിച്ചു തുടങ്ങുന്നതും.

ഈ ഘട്ടത്തിലൊന്നും ഉയർന്നുവരുന്ന സംഘടനയിൽ സ്വാധീനമുറപ്പിക്കാനോ അവർക്കൊപ്പം നിൽക്കാൻ പോലുമോ സിഐടിയു തയ്യാറായില്ല. ജൈവീകമായ ഒരു നേതൃത്വമായിരുന്നു, സിഐടിയുവിന്റേതെങ്കിൽ അങ്ങനെയായിരുന്നില്ല, സംഭവിക്കേണ്ടിയിരുന്നത്. ട്രേഡ് യൂണിയൻ എന്ന നിലയ്ക്ക് നേതൃത്വം തികച്ചും യാന്ത്രികമായി പോയതിന്റെയും തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ കാര്യം മാത്രമേ തങ്ങൾ നോക്കേണ്ടതുള്ളൂ എന്ന പരിമിതമായ കാഴ്ചവട്ടത്തിന്റെയും ന്യൂനതയായിരുന്നു, ഈ മേഖലയിലെ അവധാനതയ്ക്കു കാരണം.

പുതുതലമുറയിലെ തൊഴിലിടങ്ങളിലേക്കു ട്രേഡ് യൂണിയൻ പ്രവർത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത വൈകിയെങ്കിലും തിരിച്ചറിഞ്ഞ സിഐടിയു ഇന്ന് ഐടി മേഖലയിലും അസംഘടിത തൊഴിൽ മേഖലയിലും അടക്കം സംഘടനകൾ രൂപീകരിച്ചു കഴിഞ്ഞു. എന്നാൽ നേരത്തെ പറഞ്ഞതുപോലെ, പുതുതലമുറ തൊഴിലിടമേ അല്ലാത്ത നഴ്സിങ് എന്ന സേവനത്തുറയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ വല്ലാതെ താമസിക്കയും ചെയ്തു. ഇപ്പോൾ അത് ഒരടിയന്തിര ആവശ്യമായി സിഐടിയു കണക്കാക്കുക കൂടിയാണ്. എന്താണ്, ഈ അടിയന്തിര ആവശ്യം എന്നല്ലേ? അതിനു മറുപടി നൽകുന്നത്, പത്തനംതിട്ടയിൽ നടന്നുകൊണ്ടിരുന്ന സിഐടിയു ജനറൽ കൗൺസിൽ സംബന്ധിച്ച വാർത്താക്കുറിപ്പാണ്.

യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു തൊഴിലാളി സംഘടന എന്താണോ പറയരുതാത്തത്, അതാണ്, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞത് എന്നാണ് ഞാൻ കരുതുന്നത്. യുഎൻഎയെ കുറിച്ച് സിഐടിയുവിനു മോശം അഭിപ്രായം പാടില്ല എന്നൊന്നുമല്ല, ഞാൻ പറഞ്ഞുവരുന്നത്. എന്നാൽ അവർ സംഘടിപ്പിച്ച സമരം നാടകമായിരുന്നു എന്ന ആരോപണം സിഐടിയുവിനു നേരെ അസംഖ്യം തവണ ഉയർന്നിട്ടുള്ളതു തന്നെയാണെന്നു മറന്നുപോകാൻ പാടില്ല. കുറേ വർഷങ്ങളായി അവർ തല്ലുകൊണ്ടും പട്ടിണികിടന്നും ധർണ്ണ നടത്തിയും കേസ് കൊടുത്തും പിടിച്ചുവാങ്ങിയ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടിയാണ്, അവർ തന്നെ സമരരംഗത്തെത്തിയത്. അതിൽ വിലപേശലും സർക്കാരിനെ മുൾമുനയിൽ നിർത്തലും ഒക്കെയുണ്ടാവാം. ഒരു തൊഴിലാളി പ്രശ്നത്തിൽ ഇതൊന്നും പാടില്ല എന്നുണ്ടോ? വിലപേശാനുള്ള ശേഷിയാണ്, പിടിച്ചെടുക്കാനും വിട്ടുകൊടുക്കാനുമുള്ള ആ സ്പേസ് ഉണ്ടാക്കിയെടുക്കലാണ്, ഒരു ട്രേഡ് യൂണിയനെ പ്രസക്തമാക്കുന്നത്.

യുഎൻഎയുടെ നേതാവ് ജാസ്മിൻ ഷാ, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുവേളയിൽ ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയകക്ഷിയുടെ നിയമസഭാ സ്ഥാനാർത്ഥിയാവാൻ ശ്രമം നടത്തിയിരുന്നു എന്ന കിംവദന്തി പരന്നിരുന്നു. ആ വാർത്ത ശരിയായിരിക്കാം, തെറ്റായിരിക്കാം. എങ്കിലും അങ്ങനെയൊരു നീക്കം നടത്തിയെങ്കിൽ തന്നെ അതിൽ ഇത്ര മോശമായി എന്താണുള്ളത്? പാർലമെന്ററി വ്യാമോഹം എന്നൊക്കെ പറയുംമുന്നേ, ആ വ്യാമോഹമില്ലാത്ത ഒരു പത്തരമാറ്റ് നേതാവിനെ ചൂണ്ടിക്കാട്ടാനാവുമോ?

കെവിഎം ആശുപത്രിയിലെ പ്രശ്നപരിഹാരം നഴ്സുമാർ സിഐടിയുവിൽ ചേരുന്നതോടെ ഓട്ടോമാറ്റിക്കായി ഉണ്ടാകുന്നതാണ് എന്ന മട്ടിൽ സിഐടിയു നേതാക്കൾ സംസാരിച്ചുവെന്ന ആരോപണം ജാസ്മിൻ ഷാ ഉന്നയിച്ചിട്ടുണ്ട്. ഇവിടെയും ആരോപണം ശരിയാണോ എന്ന് എനിക്കു നിശ്ചയമില്ല. എങ്കിലും ഇക്കാര്യത്തിൽ നിലപാട് ക്ലിയർ ആക്കേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഒരു ജാസ്മിൻ ഷായേയും അനുവദിക്കേണ്ട കാര്യം സിഐടിയുവിനും ഇല്ലല്ലോ.

അപ്പോൾ പറഞ്ഞുവന്നത്, സ്വകാര്യ നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന കാര്യത്തിൽ സിഐടിയുവിനോ അതിന്റെ നേതാക്കൾക്കോ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല. അങ്ങനെയെങ്കിൽ നഴ്സുമാരുടെ പ്രശ്നം ഏറ്റെടുത്ത് മുന്നോട്ടുവരേണ്ടത് സിഐടിയുവിന്റെ കടമയാണ്. അങ്ങനെ ആ തൊഴിൽ മേഖലയിലെ എല്ലാ തൊഴിലാളികളുടെയും വിശ്വാസം പിടിച്ചുപറ്റി വേണം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്താൻ. അതിനു സിഐടിയുവിനു കഴിയട്ടെ എന്നാശിക്കുന്നു. അത് നല്ല നിലയിൽ നടക്കുന്ന ഒരു സംഘടനയെ, അതിനു രാഷ്ട്രീയ ഉള്ളടക്കമില്ല എന്ന നിലയിൽ പൊളിച്ചുകളയുകയല്ല, വേണ്ടത്. അതിനകത്തു നിന്നു പ്രവർത്തിച്ച് അതിനെ രാഷ്ട്രീയവത്കരിക്കുകയാണു വേണ്ടത് എന്നു വിനീതമായി അഭിപ്രായപ്പെടുക കൂടി ചെയ്യുന്നു. നന്ദി.

--

--

Sebin A Jacob

President of Swathanthra Malayalam Computing. Libre. Left. Journalist. FLOSS enthusiast