ഹലാൽ ലൗ സ്റ്റോറി: സംഘടനാവഴിയും നേർവഴിയും തമ്മിലെന്ത്?

Sebin A Jacob
4 min readNov 16, 2020
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഹലാൽ ലൗ സ്റ്റോറിയുടെ പോസ്റ്റർ

ഹലാൽ ലൗ സ്റ്റോറി ഇന്നലെയാണു കണ്ടത്. ഓൺലൈനിൽ നടക്കുന്ന ബഹളങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുന്ന, അവരുടെ അജണ്ട ഒളിച്ചുകടത്തുന്ന സിനിമ എന്നൊക്കെയായിരുന്നല്ലോ വിമർശനങ്ങളുടെ കാതൽ. ഒപ്പം മുഹ്സിൻ പരാരിയും സക്കരിയയും അടക്കമുള്ള ‘മൗദൂദിക്കുഞ്ഞുങ്ങൾ’ക്ക് ഇടതുപക്ഷ’വേഷമിട്ട’ ആഷിഖ് അബുവും റീമാ കല്ലിങ്കലും കഞ്ഞിവയ്ക്കുകയാണെന്ന വിമർശനവും. ഇതേ ലൈനിലുള്ള കുറേയെണ്ണം സ്ട്രീമിലൂടെ കടന്നുപോയെങ്കിലും എല്ലാമൊന്നും പൂർണ്ണമായി വായിച്ചില്ല. ജിപിയുടേതടക്കം ഗൗരവമായ റിവ്യൂകളൊക്കെ പടംകണ്ടശേഷം വായിക്കാമെന്നു കരുതി.

ഇപ്പോൾ സിനിമ കണ്ടു. വലിയ സംഭവമായൊന്നും തോന്നിയില്ല. എന്നാൽ ഈ പറഞ്ഞുപെരുപ്പിക്കുന്നത്ര പ്രശ്നവും അനുഭവപ്പെട്ടില്ല. ഒന്നാമത് സാമ്രാജ്യത്വവിരുദ്ധത, അമേരിക്കൻവിരുദ്ധത, സദാചാരം, ദീൻ, തുടങ്ങിയ കാര്യങ്ങളിൽ കടുംപിടുത്തം പിടിക്കുന്ന സോളിഡാരിറ്റിക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. പ്ലാച്ചിമട സമരകാലത്ത് ഡിവൈഎഫ്ഐ കൊടുത്ത കേസാണ് decisive ആയത് എന്നിരിക്കിലും അന്ന് സമരത്തിന്റെ മുമ്പന്തിയിൽ ഉണ്ടായിരുന്നതായി പത്രങ്ങളിലൂടെ നമ്മൾ പരിചയപ്പെട്ടത് ജനതാദൾകാരെയായിരുന്നു. They stole the narrative with the major help of Mathrubhumi books.

അന്ന് ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ പലയിടത്തും സോളിഡാരിറ്റി, എസ്ഐഒ, ജിഐഒ തുടങ്ങിയ സംഘടനകൾ പ്രചാരണവും മാർച്ചുകളും നടത്തിയിട്ടുണ്ട്. അതുകൊണ്ടു പ്രത്യേകിച്ചെന്തെങ്കിലും ഫലമുണ്ടായോ എന്നു ചോദിക്കരുത്. എന്നാൽ അവർ ദൃശ്യതയുണ്ടാക്കിയ ഒരു ഇടപെടലായിരുന്നു, അത്. അവരുടെ രീതികളെ — ചിലപ്പോൾ ഉള്ളിൽനിന്നുതന്നെയാവാം — കണക്കിനു കളിയാക്കുകയാണ് സിനിമയിൽ. അതല്ലാതെ അവരെ മഹത്വവത്കരിക്കാനുള്ള ശ്രമമൊന്നും കണ്ടില്ല.

‘ഈ അടുത്തകാലത്ത്’ എന്ന സിനിമയിൽ വളരെ സട്ടിലായി പോസിറ്റീവ് ലൈറ്റിൽ ആർഎസ്എസിനെ പ്ലേസ് ചെയ്ത മുരളി ഗോപിയുടെ പരിപാടിയൊന്നും ഹലാൽ ലൗ സ്റ്റോറിയിലില്ല. പിന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ ത്യാഗങ്ങൾ നിരത്തി ലാൽസലാം പോലെയുള്ള സിനിമകൾ വന്ന ഒരു നാട്ടിൽ തങ്ങൾ മുൻപു പ്രവർത്തിച്ച ഒരു സംഘടനയെ കുറിച്ച് അതിന്റെ ആഭ്യന്തരകാര്യങ്ങൾ പരിചയമുള്ള രണ്ടു യുവാക്കൾ സിനിമയെടുക്കാൻ തീരുമാനിച്ചുവെങ്കിൽതന്നെ അത് ഇത്രവലിയ കുറ്റമാണോ? ഏതെങ്കിലും ഒരു പഴയകാലനേതാവിനെ ഇതിഹാസസമാനമായ മാനത്തിൽ അവതരിപ്പിക്കുകയല്ല, ഹലാൽ ലൗ സ്റ്റോറി ചെയ്തത്. പകരം ഒരു തരം self-loathing എന്നൊക്കെ പറയാവുന്ന സമീപനമാണ് രചയിതാവ് സ്വീകരിച്ചത്. അതേ സമയം ആളുകൾക്ക് പൊതുവെ രസിക്കുന്ന തരത്തിൽ black humour കൈകാര്യം ചെയ്തിട്ടുണ്ട്. Glorification അല്ല, mockery ആണ് ഇവർ നടത്തുന്നത്.

സിനിമ പിടിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഒരു സ്ത്രീ മറ്റൊരാളുടെ അഭിപ്രായം വിശദീകരിക്കാനൊരുങ്ങുമ്പോൾ ആരെ സഹായിക്കാനാണോ അവർ മുതിർന്നത്, അതേയാളാൽ ഷട്ട് ഡൗൺ ചെയ്യപ്പെടുന്നതും സംഘടന നിഷ്കർഷിക്കുന്ന ഉത്തമജീവിതം നയിക്കുന്നു എന്നു സ്വയം വിശ്വസിച്ച ഷരീഫ് (ഇന്ദ്രജിത്ത്) ക്യാമ്പിനൊടുവിൽ സുഹ്റയുടെ (ഗ്രേസ് ആന്റണി) ഉള്ളുതുറക്കലിനു മുന്നിൽ ചൂളിപ്പോവുന്നതും ഒക്കെ നമുക്ക് സോളിഡാരിറ്റി സർക്കിളിനു പുറത്തും റിലേറ്റ് ചെയ്യാവുന്നവയാണ്.

അവർ പിടിക്കുന്ന സിനിമയുടെ സംവിധായകനായി ഒരു ‘പൊതു’വിനെയാണ് അവർക്കാവശ്യം. മാധ്യമം വാരിക സി രാധാകൃഷ്ണനെ എഡിറ്ററായി കണ്ടെത്തിയതിന്റെ കാരണത്തെ പരിഹസിക്കുന്നതായാണ് എനിക്ക് ഇതിലൂടെ മനസ്സിലായത്. ഹീനയാനർ എന്നറിയപ്പെടുന്ന ഥേരാവാദ സമ്പ്രദായം പിന്തുടരുന്ന ബുദ്ധഭിക്ഷുക്കളുടെ തീവ്ര അഹിംസാ തട്ടിപ്പും അതു മറികടക്കാൻ അവർ ചെയ്യുന്ന കണ്ണടച്ചിരുട്ടാക്കലും പോലെ ജമാഅത്തെ ഇസ്ലാമി വച്ചുപുലർത്തുന്ന ഒരു തട്ടിപ്പുപരിപാടിയാണ്, ഈ പൊതുവിനെ തിരയൽ. സംവിധായകൻ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അയാളെ ഇറക്കിക്കൊണ്ടുവരാൻ അവർ യത്നിക്കുന്നുണ്ടെങ്കിലും അയാളുടെ കുടുംബപ്രശ്നം രമ്യമായി പരിഹരിക്കുകയല്ല, പകരം തത്ക്കാലം തങ്ങളുടെ സിനിമ നടക്കാനായി സിറാജിന്റെ ഭാര്യ (ഉണ്ണിമായ പ്രസാദ്) മുന്നോട്ടുവയ്ക്കുന്ന അനീതിയെന്ന് സ്ക്രീൻപ്ലേയിൽ തോന്നിപ്പിക്കുന്ന ആവശ്യം സിറാജിന്റെ അസാന്നിദ്ധ്യത്തിൽ സമ്മതിച്ച് അവർ കേസ് പിൻവലിപ്പിക്കുകയാണ് ചെയ്യുന്നത്. അതേ സമയം ഷരീഫിന്റെയും സുഹറയുടെയും പ്രശ്നത്തിൽ അവർ വളരെ ശ്രദ്ധയോടെ ഇടപെടുന്നുമുണ്ട്. അതായത്, സംഘടനയ്ക്കുള്ളിൽ ഉള്ളവരോടും പുറത്തുള്ളവരോടും രണ്ടുതരത്തിലുള്ള സമീപനമാണ് അവർ വച്ചുപുലർത്തുന്നത്.

സിനിമയുടെ സ്പോട്ട് റിക്കോർഡിങ്ങിനിടയിൽ ചുറ്റുപാടുമുള്ള ഒച്ചയനക്കങ്ങൾ (തുണിയലക്കുന്നത്, കോഴി കൂവുന്നത്, പ്രഷർ കുക്കറിന്റെ വിസിൽ, ഓട്ടോയുടെയും ബൈക്കിന്റെയും ശബ്ദം, പാലിനുവേണ്ടിയുള്ള ഇള്ളാക്കുഞ്ഞിന്റെ കരച്ചിൽ, പള്ളിയിലെ വാങ്കുവിളി എന്നിങ്ങനെ നാട്ടുമ്പുറത്ത് സ്വാഭാവികമായി വരുന്ന ambient sound) ഇല്ലാത്ത ideal scenario (studio environment) ആണ് സൗണ്ട് എഞ്ചിനീയർ ആസാദിനു (സൗബിൻ ഷഹീർ) വേണ്ടത്. അതിനായി സംഘടനാ വോളന്റിയർമാർക്ക് ഉത്തരവു കൊടുക്കുന്ന ആസാദ് സംവിധായകൻ സിറാജിനെക്കാൾ (ജോജു ജോർജ്) വലിയ സൂപ്പർ സംവിധായകനാകുകയാണ്. മിക്സിങ്ങിനായി ഷോട്ടിനു പിന്നാലെ ആംബിയന്റ് സൗണ്ട് മാത്രമായി പിടിക്കുമ്പോൾ ദൂരെ നിന്ന് രണ്ടുവൃദ്ധന്മാർ സംസാരിക്കുന്നതുപോലും അയാളെ അലോസരപ്പെടുത്തുണ്ട്. അതായത് അയാൾ നിഷ്കർഷിക്കുമ്പോൾ മറ്റെല്ലാവരും നിശബ്ദരാവണം. അത് ചേതനവും അചേതനവുമായ എല്ലാ ശബ്ദങ്ങൾക്കും ബാധകമാണ്. ഒടുവിൽ അയാൾ ലൊക്കേഷനു ചുറ്റുപാടുമുള്ളവർ സിനിമയ്ക്കെതിരെ തിരിയുന്ന സാഹചര്യം ഉണ്ടാക്കുന്നു. അയാളാകട്ടെ, യാതൊരു ഉത്തരവാദിത്വവുമില്ലാതെ പറഞ്ഞ കാശുംവാങ്ങി തന്റെ പണി ഇട്ടിട്ടുപോകുകയാണ്. രാഷ്ട്രീയത്തിൽ നമുക്കു പരിചിതമായ കാര്യങ്ങളുടെ allegory (അന്യാപദേശം) ആണിത്.

റിജിഡ് ആയ ഏതൊരു സംഘടനാശരീരത്തിനകത്തും പ്രവർത്തിക്കുന്ന ഒറ്റയൊറ്റ സെല്ലുകളെന്നു പറയാവുന്ന, ആത്മസംഘർഷങ്ങളുടെയും പൊരുത്തക്കേടുകളുടെയും നിറകുടമായ സാധാരണ മനുഷ്യരുടെ സ്പെസിമെൻ ആണ് ഷരീഫ്. സോളിഡാരിറ്റിക്കുള്ളിൽ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർടിക്കകത്തും കാണും ഇങ്ങനെ പുറത്തൊന്നും അകത്തൊന്നുമായ ആളുകൾ. എല്ലാവർക്കും സമ്മതനായിരിക്കുമ്പോഴും പെരുമാറ്റത്തിൽ ഗുഡ് സർവീസ് എൻട്രിയുള്ളയാളാകുമ്പോഴും പേഴ്സണൽ സ്പെയ്സിൽ അയാൾ പ്രവർത്തിച്ചിട്ടുള്ള വയലൻസ് തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിവോ മനസ്സോ വരാത്ത self righteous ആയ വ്യക്തി. അതേ സമയം സുഹ്റയാവട്ടെ, തനിക്ക് താത്പര്യമില്ലായിരുന്ന കാര്യം പോലും സംഘടന ആവശ്യപ്പെട്ടപ്പോൾ പൂർണ്ണ മനസ്സോടെ ഏറ്റെടുക്കുകയും അതിനിടയിൽ ഭർത്താവിന്റെ അനിഷ്ടത്തെ മയപ്പെടുത്താൻ തന്നാലാവത് ശ്രമിക്കുകയും ചെയ്യുന്നു.

ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന തൗഫീഖ് എന്ന സ്കൂൾ അദ്ധ്യാപകനാണ് ഇതിലെ ലേശമെങ്കിലും പ്രായോഗികതയുള്ള കഥാപാത്രം. സംഘടനവഴി ലഭിച്ച മതവിദ്യാഭ്യാസമുള്ളപ്പോഴും അയാൾ സംഘടനാവിലക്ക് മറികടന്ന് തന്റെ കുട്ടികളെ സിനിമ കാട്ടുന്നുണ്ട്. എന്നാൽ അതിനിടയ്ക്ക് ഓൺ സ്ക്രീൻ റൊമാൻസ് മറയ്ക്കാനുള്ള തത്രപ്പാടുമുണ്ട്. It is a two step forward, one step backward attitude. തൗഫീഖ് വിചാരിച്ചതുകൊണ്ടു മാത്രമാണ് ഈ പ്രോജക്റ്റ് നടക്കുന്നത്.

സംഘടനാവഴിയിൽ എല്ലാ നടക്കണമെന്നു നിർബന്ധമുള്ള സംഘടനക്കാരെ സംവിധായകൻ നിർബന്ധിച്ച് ആക്റ്റിങ് ക്യാമ്പിൽ പങ്കെടുപ്പിച്ച് ഒരു സെലക്ഷൻ പ്രോസസിലേക്ക് കൊണ്ടുപോകുന്നുണ്ട്. സ്ത്രീകളുടെ ശബ്ദം ഉയരാൻ സമ്മതിക്കാത്ത സംഘടനക്കാരെ ട്രെയിൻ ചെയ്യിക്കാൻ തട്ടമിടാത്ത, മതനിഷ്കർഷയൊന്നുമുള്ളവളായി കാട്ടാത്ത ഹസീന (പാർവതി തിരുവോത്ത്) എന്ന നാമമാത്ര മുസ്ലീമായ യുവതിയെ ആണ് നിയോഗിക്കുന്നത്. ഷരീഫ് മാത്രമാണ് ആ പ്രോസസിനെ ഒരുതരത്തിൽ ബൈപ്പാസ് ചെയ്യുന്ന ഒത്തുതീർപ്പ് നടൻ. അതാകട്ടെ, he is not fit for the role എന്ന യാഥാർത്ഥ്യം മനസ്സിലാക്കിപ്പിച്ചുകൊണ്ടാണു താനും.

പലിശപ്പണം വാങ്ങാതെ കുഞ്ഞിപ്പിരിവ് നടത്തുന്ന ഹീറോയിസമൊക്കെ താഴെക്കിടയിൽ ഏതു രാഷ്ട്രീയത്തിൽ പെട്ട ആളുകളും വലിയ കാര്യമായി കരുതി ചെയ്യുന്നതാണ്. മദ്ധ്യനിര — മേൽത്തട്ട് നേതാക്കളാണ് പലപ്പോഴും എളുപ്പവഴി പ്രിഫർ ചെയ്യുന്നത്.

സിറാജ് ഒരു നെഗറ്റീവ് ക്യാരക്റ്ററായി എനിക്ക് അനുഭവപ്പെട്ടതേയില്ല. അയാൾ സാധാരണ മനുഷ്യരെപ്പോലെയാണ് കാര്യങ്ങൾ നീക്കുന്നത്. എല്ലാ ദിവസവും മകളെ കാണാൻ ഭാര്യവീടുവഴി ഒരു സഞ്ചാരം അയാൾക്കുണ്ട്. മദ്യപാനിയായിട്ടും, മകളെ കുറിച്ച് അയാൾക്ക് കൺസേൺ ഉണ്ട്. മകൾക്ക് സൈക്കിൾ വാങ്ങിപ്പോകുന്നുണ്ട്. ഭാര്യാസഹോദരന് അയാളോട് വലിയ പ്രശ്നമുള്ളതായി കാണുന്നില്ല. എന്നാൽ നിസ്കാരത്തഴമ്പുള്ള ഭാര്യാപിതാവാണ് അയാളെ പരിഹസിക്കുന്നത്. Ofcourse, ഭാര്യയ്ക്ക് അയാളോടു പ്രശ്നമുണ്ട്. അത് ഏതു കുടുംബത്തിലും ഉണ്ടാകാമല്ലോ. സാധാരണ മനുഷ്യരെ പോലെ വികാരങ്ങൾ അയാൾക്കുണ്ട്. നോർമലായി പെരുമാറുന്ന എത്ര ജമാഅത്തെ ഇസ്ലാമിക്കാരെയാണ് അതേ സമയം ഈ സിനിമ നമുക്കു കാട്ടിത്തന്നത്?

ഭാര്യാഭർത്താക്കന്മാർ സെക്സിനുവേണ്ടിയല്ലാതെ പരസ്യമായി കെട്ടിപ്പിടിക്കുമോ എന്നതായിരുന്നു അവസാനഭാഗത്തെ തർക്കം. സംഘടനയ്ക്ക് മോശമായാലോ എന്നു പേടിച്ച് കെട്ടിപ്പിടിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഷരീഫും സുഹ്റയും എത്തുന്നത്. എന്നിട്ടും സിനിമയുടെ എൻഡിൽ അവർ നോക്കിനിൽക്കുന്നവരെ ഒരുതരത്തിലും പരിഗണിക്കാതെ പ്രണയാലിംഗനത്തിലാവുന്നുണ്ട്. അപ്പോഴാവട്ടെ തൗഫീഖിനു പോലും പിടിവിട്ടുപോവുകയാണ്. അയാൾ ഒരു കോമാളിയെപ്പോലെ ക്യാമറയ്ക്കു മുന്നിൽക്കയറിനിന്ന് കട്ട് കട്ട് കട്ട് പറഞ്ഞ് ബഹളം കൂട്ടുന്നു.

അതേ സമയം പായ്ക്കപ്പ് കഴിഞ്ഞവാറെ അവിടെയുണ്ടായിരുന്നവരെല്ലാം ഉപചാരപൂർവ്വം പരസ്പരാലിംഗനം ചെയ്യുന്നുണ്ട്. അവിടെ സ്ത്രീയും പുരുഷനും തമ്മിൽ ആലിംഗനം ചെയ്യുന്നില്ല എന്നേയുള്ളൂ. അതിൽ സംഘടനയ്ക്കു പ്രശ്നമില്ലെന്നു തന്നെയല്ല, വളരെ സ്വാഭാവികമായി പ്രവർത്തിക്കുന്നുമുണ്ട്. ഈ ഡൈക്കോട്ടമി വെറുതെ കാട്ടുന്നതല്ല എന്നാണ് എനിക്കു തോന്നുന്നത്. ഇതിനെ അരക്കിട്ടുറപ്പിക്കാനാണ് വീട്ടകത്ത്, അടുക്കളയിൽ, സിനിമയ്ക്കൊക്കെ ശേഷം ഷരീഫ് സുഹ്റയെ സമീപിക്കുമ്പോൾ കുട്ടികൾ വന്ന് കട്ട് കട്ട് പറയുന്ന രംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കൾ കെട്ടിപ്പിടിക്കുമ്പോൾ കുട്ടികൾ വന്ന് ഇടയ്ക്കുകയറുന്നതുപോലെ ബാലിശമായിരുന്നു തൗഫീഖിന്റെ പ്രവൃത്തി.

സിനിമ മിനി സ്ക്രീനിൽ ആദ്യമായി കളിക്കുമ്പോഴാകട്ടെ, സംഘടനയുടെ നിസ്വാർത്ഥ സേവകനായ റഹീം സാഹിബ് (നാസർ കറുത്തേനി) അദ്ദേഹത്തിന്റെ ദീനിയായ ഭാര്യ (സീനത്ത്) ചോദിച്ചിട്ടുപോലും നിസ്കാരസമയത്ത് ടെലിവിഷൻ ഓൺചെയ്തു വയ്ക്കുകയാണ്. അതായത് എന്തു നിസ്കാരമായാലും ശരി, സിനിമ ആദിമധ്യാന്തം കാണാൻ അയാളുറപ്പിച്ചുകഴിഞ്ഞു.

ഇനി ഈ സിനിമയിലെ സംഘടനാശരീരങ്ങൾ മുന്നോട്ടുവയ്ക്കുന്ന സദാചാര സങ്കല്പമോ? കിസ് ഓഫ് ലൗവിന്റെ കാലത്ത്, അടച്ചിട്ട മുറിക്കുള്ളിൽ ചെയ്യേണ്ടതാണോ പൊതുവിടത്തിൽ ചെയ്യുന്നത് എന്നു ചോദിച്ച അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടേതിൽ നിന്ന് അത്ര ദൂരം പാലിക്കുന്ന നിലപാടാണോ അത്? ഈ സിനിമ സഖാക്കളെ അലോസരപ്പെടുത്തിയതിനു കാരണം സക്കരിയയും മുഹ്സിനും കൂടി ജമാഅത്തെ ഇസ്ലാമിക്കാരെ കുറിച്ച് സിനിമയെടുത്തതല്ല. പകരം അതിലെ വിമർശങ്ങൾ അല്പം ഗ്രേഡ് കുറച്ചാണെങ്കിൽ കൂടി ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് എന്നിടത്താണ്.

രണ്ടാമതൊന്നു കാണാനുള്ളതൊന്നും ഇല്ലെങ്കിലും ഒറ്റക്കാഴ്ചയക്ക് തെറ്റില്ലാത്ത ഒരു ചെറിയ സിനിമയാണ് ഹലാൽ ലൗ സ്റ്റോറി. അല്ലാതെ മലയാള സിനിമയുടെ ഇസ്ലാമികവത്കരണമൊന്നുമല്ല, അത്. ഈ സിനിമ നിർമ്മിച്ചതുകൊണ്ടു മാത്രം ആഷിഖ് അബുവിനെ ഇസ്ലാമിസ്റ്റ് പക്ഷപാതിയായി കാണാനാവില്ല. 916കാരെ മാത്രം കൂടെ നിർത്തി ആഷിഖ് അബുവിനെ പോലെയുള്ളവരെ ചുണ്ണാമ്പുതൊട്ടു മാറ്റിനിർത്തുന്ന ഈ സമീപനം കഴിയുന്നത്രയാളുകളെ കൂട്ടിനിർത്തേണ്ട ഇന്നത്തെക്കാലത്ത് ഗുണം ചെയ്യില്ല.

--

--

Sebin A Jacob

President of Swathanthra Malayalam Computing. Libre. Left. Journalist. FLOSS enthusiast