മറീനാ ബീച്ചിൽ ഒരുനാൾ

Sebin A Jacob
1 min readAug 7, 2018

കലൈഞ്ജറെ കാണാൻ
ജനം മറീനാ ബീച്ചിലെത്തും,
തീരത്തെ പൊടിയിലും
കടലിലെ ഉപ്പിലും
അവർ
കലൈഞ്ജറെ തിരയും.
അണ്ണാവോടു കേൾക്കും
‘എങ്കെ, ഉൻ തമ്പി?’

ഒരു ഫിൽറ്റർ സിഗററ്റിനു തീകൊളുത്തി
പുകയൂതിവിട്ട്
എംജിആറോടു കോർക്കും:
‘എങ്കെ ഉനക്കായ് തിരക്കഥ ചമച്ച മുത്തുവേൽ?’

ഇട്ടുമൂടാനാവാത്തത്രയും ചെരുപ്പും
മായ്ച്ചുകളയാനാവാത്തത്ര അഴിമതിക്കറയും
പുരണ്ടുറങ്ങുന്ന പുരട്ചിത്തലൈവിയോട്
സെമ്മൊഴിയാന തമിഴ് മൊഴിയുന്ന
കറുത്ത ശരീരങ്ങൾ
പുച്ഛമേതുമില്ലാതെ ഉറച്ചശബ്ദത്തിലാവശ്യപ്പെടും:
‘കാട്ടിത്തരൂ, ദ്രാവിഡ സ്വാഭിമാന കുലപതിയെ’

മരിച്ചുപോയവർക്കു ശബ്ദമില്ല.
അവർ ഗാന്ധിമണ്ഡപത്തിലേക്കു തിരിഞ്ഞ്
രാജാജിയേയും കാമരാജിനേയും കൈകൊട്ടിവിളിച്ച്
ബലിക്കുരവയിടില്ല.

അവരെ സാക്ഷിയാക്കി
മറീനായിലെ കടൽക്കാറ്റ് സംസാരിക്കും:
ജാതിവിരുദ്ധമായ ആശയത്തെക്കുറിച്ച്,
അർത്ഥമില്ലാത്ത ആചാരങ്ങളെക്കുറിച്ച്,
ബ്രാഹ്മണാധിപത്യത്തിന്റെ നിരർത്ഥകതയെക്കുറിച്ച്,
അമ്മത്തമിഴിന്റെ അരുമയെക്കുറിച്ച്,
ഫെഡറലിസം എന്ന കൊഴിഞ്ഞുപോയ
സങ്കല്പത്തെക്കുറിച്ച്…

കരുണാനിധി സാരികൊടുത്തില്ല,
സ്ത്രീകൾക്ക് സ്വത്തവകാശം ഉറപ്പാക്കി.
കരുണാനിധി ടെലിവിഷൻ കൊടുത്തില്ല,
ആദ്യബിരുദധാരിക്ക് വിദ്യ സൗജന്യമാക്കി.
കരുണാനിധി ധർമ്മക്കഞ്ഞി വീഴ്ത്തിയില്ല,
ഉഴൈപ്പാളിക്ക് അന്തസുറപ്പാക്കി.

അവൻ മരിച്ചു; ജീവിക്കുന്നു, കൊളുത്തിവച്ച അക്ഷരങ്ങളിലൂടെ…

--

--

Sebin A Jacob

President of Swathanthra Malayalam Computing. Libre. Left. Journalist. FLOSS enthusiast